പട്ടാമ്പി നേര്‍ച്ചയ്‌ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി; ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പാലക്കാട്:പട്ടാമ്പി നേർച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി. ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോഴാണ് ആന ഇറങ്ങിയോടിയത്.

ഒരാളെ ആന ആക്രമിച്ചു. ആനയെ പിന്നീട് തളച്ചു.

തിങ്കളാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. പട്ടാമ്ബി നേർച്ചയ്ക്കുശേഷം ആനയെ തിരികെകൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് ആടുമേയ്ക്കാനെത്തിയ കന്ദസ്വാമി എന്നയാളെയാണ് ആന ആക്രമിച്ചത്. നടുവിന് പരിക്ക് പറ്റിയ കന്ദസ്വാമിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപശുക്കളേയും ഒരു ആടിനേയും ആന ആക്രമിച്ചു. ഒരു വീടിനും നാശനഷ്ടമുണ്ടായി. ഒരുകിലോമീറ്ററോളം ആന സഞ്ചരിച്ചു.

അതേസമയം, പട്ടാമ്ബി നേർച്ചക്കിടെ സംഘർഷവുമുണ്ടായി. പോലീസുകാരന് മർദനമേറ്റതിനെ തുടർന്ന് ലാത്തിവീശി. പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ പത്തുപേർക്ക് പരിക്കേറ്റു.

രണ്ടുസംഘങ്ങളായി തിരിഞ്ഞ് യുവാക്കള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് നിയന്ത്രിക്കാൻ ശ്രമിച്ച പോലീസുകാർക്ക് മർദനമേറ്റതിനെത്തുടർന്നാണ് പോലീസ് ലാത്തിവീശിയത്.