പൂഞ്ഞാര്‍ സംഭവം: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

കോട്ടയം: പൂഞ്ഞാറില്‍ വൈദികനെ വിദ്യാർഥികള്‍ വാഹനമിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തില്‍ മുസ്‍ലിം കുട്ടികള്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൂഞ്ഞാർ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ അമർഷം പുകയുകയാണ്.മുഖ്യമന്ത്രി വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ പർവതീകരിക്കാൻ തല്‍പ്പര കക്ഷികള്‍ ശ്രമിച്ചു. ഇത്തരക്കാർക്ക് പരോക്ഷമായ പിന്തുണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയില്‍ വിമർശിച്ചു. മുസ്‍ലിം ലീഗ്, വെല്‍ഫർ പാർട്ടി, ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മർക്കസുദ്ദഅ‍്‍വ, കെ.എൻ.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ചേർന്നാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗും എസ്.ഡി.പി.ഐയും ഈരാറ്റുപേട്ടയില്‍ പ്രതിഷേധ മാർച്ച്‌ നടത്തി.

മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചു. അപക്വമായ നടപടിയെ മുഖ്യമന്ത്രി പർവതീകരിച്ച്‌ വർഗീയ നിറം നല്‍കുന്നുവെന്ന് സോളിഡാരിറ്റിയൂത്ത് മൂവ്മെന്റ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇസ്‍ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് എസ്.ഐ.ഒ ആരോപിച്ചു. പൂഞ്ഞാർ വിഷയം സി.പി.എമ്മും മന്ത്രി വി.എൻ. വാസവനും അടക്കം തണുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പാർട്ടിയെയും സർക്കാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.