‘വാലിബനെ’ വീഴ്ത്താനായില്ല, ഓസ്‍ലറും ഭ്രമയുഗവും വീണു; കേരളക്കരയില്‍ സീൻ മാറ്റിത്തുടങ്ങി ‘ആടുജീവിതം’

മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റല്‍’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തില്‍ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോള്‍ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു.
ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു.

കഴിഞ്ഞ ദിവസം ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച അഭിപ്രായത്തോടൊപ്പം മികച്ച പബ്ലിസ്റ്റിയും ലഭിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി. ഒടുവില്‍ ആദ്യദിന കളക്ഷനിലും ആടുജീവിതം പണംവാരി. പ്രീ സെയിലിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ ആദ്യദിന കേരള കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്. മഞ്ഞുമ്മല്‍ ബോയ്‍സ് 3.35 കോടി, ഓസ്‍ലർ 3.10 കോടി, ഭ്രമയുഗം 3.05 കോടി എന്നിവയാണ് ടോപ് ഫൈവിലുള്ള ആദ്യദിനത്തില്‍ കസറിയ മലയാള സിനിമകള്‍.

അതേസമയം, ഇന്ത്യയില്‍ നിന്നും ആടുജീവിതം നേടിയത് 7.45 കോടിയാണ്. മലയാളം ഉള്‍പ്പടെയാണിത്. ആഗോള കളക്ഷൻ വരാനിരിക്കുന്നതെ ഉള്ളൂ. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്ത ആടുജീവിതത്തിന് മികച്ച ബുക്കിങ്ങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം തിയറ്ററിലും ഹൈസ്ഫുള്‍ ഷോകളാണ് നടക്കുന്നത്. എന്തായാലും അവധി ദിവസങ്ങളിലാണ് ആടുജീവിതം റിലീസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ നാല് ദിവസത്തില്‍ ആടുജീവിതം കളക്ഷനില്‍ കസറുമെന്ന് ഉറപ്പാണ്.