കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളില്‍ ചെറിയ വേഷങ്ങള്‍, ആദ്യചിത്രം ഗ്യാങ്സ്റ്റര്‍

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവം.പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റർ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂർ വെളപ്പായയില്‍ വെച്ച്‌ ദാരുണ സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ പകയിലാണ് അന്യസംസ്ഥാന തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിത്താഴെയിട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയില്‍വേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ചാണ് വിനോദ് വീണത്. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു വിനോദ്. പിന്നീട് 2 കൊല്ലം മുമ്ബാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്.

പ്രതി രജനീകാന്ത മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ തൃശൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ഇയാളുടെ കൈവശം ജനറല്‍ ടിക്കറ്റാണ് ഉണ്ടായിരുന്നത്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയാണ് പ്രതി രജനീകാന്ത. ഇപ്പോള്‍ പ്രതി പാലക്കാട് റെയില്‍വേ പൊലീസിന്‍റെ കസ്റ്റഡിയിലാണുളളത്. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും.

ടിക്കറ്റിന് അധിക തുകയായി 1000 രൂപ നല്‍കാൻ ടിടിഇ ആവശ്യപ്പെട്ടെന്നും തന്റെ കയ്യില്‍ 1000 രൂപ ഉണ്ടായിരുന്നില്ലെന്നും ഇതാണ് പ്രശ്നത്തിന് തുടക്കമെന്നും രജനീകാന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം നടക്കുന്ന സമയം കോച്ചിലുണ്ടായിരുന്ന 5 പേരുടെ കൂടി മൊഴിയെടുത്തതായി പൊലീസ് വ്യക്തമാക്കി. ടിടിഇ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ അറിയിക്കുന്ന സമയത്താണ് പ്രതി ചവിട്ടിയത് എന്ന് മൊഴിയില്‍ പറയുന്നു.