ഗസ്സയില്‍ ഇസ്രായേല്‍ സേന നഴ്സിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയില്‍ കണ്ടെത്തി

ഗസ്സ: അല്‍ അമല്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്.ഇസ്രായേല്‍ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം വരെ തന്നാല്‍ കഴിയുംവിധം അദ്ദേഹം പരിശ്രമിച്ചു.

എന്നാല്‍, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഐ.ഡി.എഫ് സൈനികർ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (പിആർസിഎസ്) വളന്റിയറായ ഈ മാലാഖക്ക് നേരെ ആശുപത്രിയില്‍ വെച്ച്‌ നിറയൊഴിച്ചു. ജീവനുവേണ്ടി പിടയുന്ന ആബിദിനെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രസന്റിലെ സഹപ്രവർത്തകനായ ആംബുലൻസ് ഡ്രൈവറെ സൈന്യം ആട്ടിയോടിച്ചു. മൃതദേഹം അവർ അജ്ഞാത കേന്ദ്രത്തില്‍ ഒളിപ്പിച്ചു.

രണ്ടാഴ്ചത്തെ നരനായാട്ടിന് ശേഷം അല്‍-അമല്‍ ഹോസ്പിറ്റലില്‍ നിന്ന് ഇസ്രായേല്‍ സേന പിൻമാറിയപ്പോള്‍ കണ്ടകാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. ജീർണിച്ച നിലയില്‍ ആബിദിന്റെ മൃതദേഹം ആശുപത്രി മൂലയില്‍ കിടക്കുന്നു. ‘അദ്ദേഹത്തിന്റെ അഴുകിയ മൃതദേഹം ഇന്ന് കണ്ടെത്തി. ആബിദ് ധരിച്ചിരുന്ന ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ യൂണിഫോം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. (ആരോഗ്യപ്രവർത്തകൻ എന്ന നിലയില്‍) ആ യൂനിഫോം അദ്ദേഹത്തിന് (യുദ്ധവേളയില്‍) സംരക്ഷണം നല്‍കേണ്ടതായിരുന്നു” -ആബിദിന്റെ ഫോട്ടോ സഹിതം പി.ആർ.സി.എസ് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

43 ദിവസത്തോളം ഇസ്രായേല്‍ സേന ആശുപത്രി വളഞ്ഞ് അതിക്രമം തുടരുമ്ബോഴും രോഗികളെ സഹായിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നുവെന്നും പിആർസിഎസ് ഓർമിച്ചു. ഇദ്ദേഹമുള്‍പ്പെടെ ഗസ്സയില്‍ സേവനത്തിനിടെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 16 ആയതായും സംഘടന അറിയിച്ചു.