ചന്ദ്രൻ സൂര്യനെ മറയ്ക്കും; സമ്ബൂര്‍ണ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യയില്‍ ദൃശ്യമാകില്ല

സമ്ബൂർണ സൂര്യഗ്രഹണം ഇന്ന്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ നേർരേഖയില്‍ വരുമ്ബോള്‍ സൂര്യനെ ഏതാനും സമയത്തേക്ക് പൂർണ്ണമായും മറയ്ക്കുന്ന പ്രതിഭാസമാണിത്.
അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഇത്തവണത്തെ സമ്ബൂർണ ഗ്രഹണം ദൃശ്യമാകുക.

അതേസമയം, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല. അമേരിക്കൻ രാജ്യങ്ങളില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.12ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. സൂര്യനെ ചന്ദ്രൻ മുഴുവനായും മറയ്ക്കുന്ന പൂർണഗ്രഹണം 4 മിനുട്ട് 27 സെക്കന്‍റ് നീണ്ടു നില്‍ക്കും.

ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും അല്‍പസമയത്തേക്ക് വെളിച്ചം ഇല്ലാതാവുകയും ചെയ്യും. 2017 ആഗസ്ത് 21ന് അമേരിക്കയില്‍ ദൃശ്യമായ സമ്ബൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്ബൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്‌ലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും ഭാഗികമായി ഗ്രഹണം കാണാം. ഇന്ത്യയിലുള്ളവര്‍ക്ക് നാസയുടെ തത്സമയ സ്ട്രീമിങിലൂടെ ഗ്രഹണം കാണാം.