സ്കൂള്‍ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്.

ദില്ലി: ഹരിയാനയിലെ നർനോളില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച്‌ അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വര്‍ഷം മുമ്ബ് 2018ല്‍ സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 20ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നര്‍നോളില്‍ ദാരുണാപകടം ഉണ്ടായത്. ഈദുല്‍ ഫിത്വര്‍ അവധിക്കിടെയും സ്കൂള്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജിഎല്‍ പബ്ലിക് സ്കൂളിന്‍റെ സ്കൂള്‍ ബസ് ആണ് നര്‍നോളിലെ കനിനയിലെ ഉൻഹനി ഗ്രാമത്തില്‍വെച്ച്‌ നിയന്ത്രണ വിട്ട് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.