10 മീറ്റര്‍ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങള്‍ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

വാഷിങ്ടണ്‍: ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി 28നായിരുന്നു സംഭവം.പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപഗ്രഹമായ ടൈ‍‍ഡിനടുത്തേക്ക് എത്തി. രണ്ട് ഉപഗ്രഹങ്ങളും ഏകദേശം 10 മീറ്റർ മാത്രം അടുത്തെത്തി. രണ്ടിന്റെയും ദിശ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാൻ സാധിക്കാത്തതിനാല്‍ കൂട്ടിയിടി സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ കൂട്ടിയിടിച്ചില്ല. കൂട്ടിയിടിച്ചിരുന്നെങ്കില്‍ വലിയ അപകടം നടക്കുമായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. കൂട്ടിയിടിച്ചിരുന്നെങ്കില്‍ അവശിഷ്ടങ്ങള്‍ അതിവേഗതയില്‍ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു. മണിക്കൂറില്‍ 16093 കിമീ വേഗതയിലാണ് അവശിഷ്ടങ്ങള്‍ തെറിച്ചെത്തുക.

അതോടൊപ്പം മറ്റ് ഉപഗ്രഹങ്ങളില്‍ അവശിഷ്ടം ഇടിക്കാനും സാധ്യതയുണ്ടായിരുന്നെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെല്‍റോയ് പറഞ്ഞു. അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന സെമിനാറിലായിരുന്നു സംഭവങ്ങള്‍ പറഞ്ഞത്. ഭൂമിക്ക് ചുറ്റം ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളെ നിയന്ത്രിക്കാനും അവയുടെ ഭ്രമണപഥം ശുചീകരിക്കാനുമുള്ള പദ്ധതിയും നാസ അവതരിപ്പിച്ചു. പതിനായിരത്തിലേറെ ഉപഗ്രഹങ്ങളാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. 2019ന് ശേഷമാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വർധനവുണ്ടായത്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ മറ്റുള്ളവക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.