റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബര്‍ 25 വരെ സമയമുണ്ട്

തിരുവനന്തപുരം: മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി.മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്.

സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ് സമയം നീട്ടി നല്‍കിയത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി ജി ആർ അനില്‍ കുമാർ സമയ പരിധി നീട്ടിയെന്ന് അറിയിച്ചത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നല്‍കിയ നിർദേശം. ചെയ്തില്ലെങ്കില്‍ റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷൻ കാർഡും ആധാർ കാർഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച്‌ ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.