
തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്ബൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടില്‍ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ് രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കിയില്ലെങ്കില്‍ 11 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

വിശദാംശങ്ങള്‍ ഇങ്ങനെ
2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസില്‍ ഉണങ്ങാനിട്ടിരുന്ന കൊപ്രതേങ്ങ വാരുന്നതിനിടയില്‍ പ്രതി ടെറസില്‍ വച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ തൊഴെയെത്ത് അമ്മൂമ്മയോട് വിവരം പറയുകയായിരുന്നു. പിതാവ് മരണപ്പെട്ട കുട്ടി അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. മാതാവും കുട്ടിയെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കള്‍ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. അന്നത്തെ നെയ്യാർഡാം ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായിരുന്ന രമേശൻ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘമായി അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 രേഖകള്‍ ഹാജരാക്കുകയും നാല് തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയില്‍ ഹാജരായി.

