വയനാട്ടിലും വഖഫിൻ്റെ നോട്ടീസ്; സ്ഥലം കൈയ്യേറിയെന്ന് ആരോപണം; 5 കുടുംബങ്ങള്‍ ഭൂരേഖകള്‍ ഹാജരാക്കണം

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി.5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് നല്‍കിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഈ മാസം 16നുള്ളില്‍ ഹാജരാക്കാൻ നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും നിർദ്ദേശം നല്‍കി.

