കരിപ്പൂര്‍ വിമാനത്താവള വികസനം: കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി നല്‍കുന്നതിന് തടസമില്ലെന്ന് മന്ത്രി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്ബ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ വിളിച്ച് ചേർത്ത യോഗത്തില്‍ മന്ത്രി പറഞ്ഞു.
എന്‍.ഒ.സിക്കായി 687 അപേക്ഷകള്‍ ലഭ്യമായതില്‍ 620 എണ്ണം നല്‍കിക്കഴിഞ്ഞെന്നും ഭാവിയിലെ നിര്‍മാണ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് 20 അപേക്ഷകള്‍ നിരസിച്ചതെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. റെസ വികസനത്തിന്റെ ഭാഗമായി തടസപ്പെട്ട നിലവിലെ ക്രോസ് റോഡിനോട് ചേര്‍ന്ന് 10 സെന്റ് ഭൂമി ഏറ്റെടുത്ത് ലിങ്ക് റോഡാക്കി ഗതാഗത തടസത്തിന് പരിഹാരമുണ്ടാക്കും.
യോഗത്തില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി.ഇബ്രാഹിം, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എ. നിത ഷഹീര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.