യാത്രകള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും വൈകിയോടുന്നു

ദില്ലി: ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌ ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയോടുന്നു.

പുരുഷോത്തം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഫറാക്ക എക്സ്പ്രസ്, ഹംസഫർ, എസ് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് വൈകി ഓടുന്ന ചില
പ്രധാന ട്രെയിനുകള്‍. രാജ്യതലസ്ഥാനത്തെ ശീതതരംഗത്തില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചില വിമാനങ്ങളും വൈകിയോടി.

ദേശീയ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ദേശീയ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം ‘മോശം(poor)’ അവസ്ഥയില്‍ത്തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്‌ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെ എ.ക്യു.ഐ 284 ആണ് രേഖപ്പെടുത്തിയത്.

അതേ സമയം ദില്ലിയില്‍ ഇന്ന് ഇടിമിന്നലും ആലിപ്പഴ വീഴ്ച്ചയും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 11 ന് ദേശീയ തലസ്ഥാനത്ത് നേരിയ തോതില്‍ മഴ പെയ്തിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം താപനില 7.7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍, ആഗ്ര, കാണ്‍പൂര്‍, ചണ്ഡീഗഢിൻ്റെ ചില ഭാഗങ്ങളിലും ഇന്ന് കനത്ത മൂടല്‍ മഞ്ഞുണ്ടായി.