ഭ്രാന്തന്‍ ക്രൈമുകളുടെ നാടായി കേരളം; ഒരാഴ്ചക്കിടെ അരങ്ങേറിയത് അരുംകൊലകള്‍; ഈ നാട്ടില്‍ പൊലീസും പൊലീസ് മന്ത്രിയും ഉണ്ടോ..?

കേരളം മുമ്പ് കേട്ടുകേള്‍വിയില്ലാത്തവിധത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരിഷ്‌കൃതമായ ഈ കാലത്തും ഏറെ വൈകൃതമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നതെല്ലാം. ചെറിയ കുട്ടികളില്‍ പോലും കൊടും ക്രിമിനല്‍ മനോഭാവം വളരുന്നുണ്ടെയെന്നത് ഏറെ ഭയാനകരമാണ്.
സഹോദരിയെ പ്രാപിക്കുകയും അമ്മയെ കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രാകൃത നാടായി കേരളം മാറിയിരിക്കുന്നു. പതിനാലു വയസുകാരന്‍ അഛനായി മാറുന്ന നാണിപ്പിക്കുന്ന കാലം. തൊട്ടടുത്ത വീട്ടിലുള്ളവരെ പരമ്പരയായി കൊലപ്പെടുത്തി ഒരു കൂസലുമില്ലാതെ നടക്കുന്ന മലയാളി നാടിനെ ഏറെ പിന്നോട്ടു വലിക്കുകയാണ്. ഏറെ പരിഷ്‌കൃതരും വിദ്യാ സമ്പന്നരുമെന്ന് മേനി നടിക്കുന്ന മലയാളി ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിറകിലാണെന്ന് തെളിയിക്കുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ഉത്തരേന്ത്യയിലോ മറ്റോ കേട്ടിരുന്ന കുറ്റകൃത്യങ്ങളുടെ കഥയാണ് ഇപ്പോള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഈയിടെയുണ്ടായ ഓരോ കുറ്റകൃത്യങ്ങളിലും ദുര്‍മന്ത്രവാദങ്ങളുടെ പങ്ക് ഗൗരവത്തോടെ കാണേണ്ടതാണ്. ആഭിചാര്യ കൃത്യങ്ങളിലൂടെ പെട്ടെന്ന് കാര്യസാധ്യം ലഭിക്കുന്നുവെന്ന അബദ്ധ ധാരണയിലാണ് പലരും ഇതില്‍ ചെന്നു പെടുന്നത്. മത-ആത്മീയ ആചാര്യന്മാരുടെ വേഷം കെട്ടുന്ന ദുര്‍മന്ത്രവാദികളെ വിശ്വാസിക്കുകയും മോക്ഷത്തിനായി ഇവര്‍ പറയുന്നത് അപ്പടി സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ കഴിഞ്ഞ കാല കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ വ്യക്തമാകുന്നത്.
കാമുകിയെ കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ ഇതിലേക്ക് നയിച്ചതും ദുര്‍മന്ത്രവാദിയുടെ പ്രേരണയായിരുന്നു. ചെന്താമര അയല്‍വാസികളെ ഓരോന്നായി വകവരുത്തിയതും ഇത്തരം തെറ്റായ വിശ്വാസം വച്ചുപുലര്‍ത്തിയതുകൊണ്ടാണ്. ഒടുവില്‍ രണ്ടു വയസുള്ള കുഞ്ഞിനെ അമ്മാവന്‍ തന്നെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുന്നതിലേക്കു വരെ എത്തി നില്‍ക്കുന്ന കാര്യങ്ങള്‍.
ഇന്ന് കേരളം ഏറെ ഞെട്ടെലോടു കൂടിയാണ് ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിതയുടെ മരണ വാര്‍ത്ത കേട്ടത്. ക്രൂരമായ പീഡനത്തിന് വിധേയമായി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെ ആണ്‍ സുഹൃത്തില്‍ നിന്നും വീണ്ടും ഏറ്റ അതിക്രമം പെണ്‍കുട്ടിയെ മരണത്തിലേക്ക് എത്തിക്കുകയായിരുന്നു.
വിദ്യാലയങ്ങള്‍ തൊട്ട് ലഹരിയും ക്രിമിനല്‍ വാസനയും കുട്ടികളില്‍ കൂടി വരുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. സ്‌കൂളില്‍ അതിക്രൂരമായി റാഗിംങിന് ഇരയായ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഓരോ കൊലപാതകവും പരിശോധിക്കുമ്പോള്‍ പൊലീസിന്റെ കൃത്യമായ അനാസ്ഥ കാണാന്‍ പറ്റും. ഇത്രയും അഡ്വാന്‍സായ സേനയും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരും കേരള പൊലീസില്‍ ഉണ്ടായിട്ടു പോലും വേണ്ടവിധം ഫലപ്രദമാകുന്നില്ല. ഓരോ സംഭവങ്ങളിലും ഇരയാക്കപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങി കാല്‍ തഴമ്പിച്ചാല്‍ പോലും ഏമാന്‍മാര്‍ തിരിഞ്ഞു നോക്കാറില്ല. ഒടുവില്‍ ദാരുണമായ ഇത്തരം സംഭവത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മാത്രമാണ് പൊലീസ് എന്തെങ്കിലും ചെയ്യുന്നത്. പൊലീസിന്റെ ഈ പ്രവണത കേരളത്തില്‍ കൂടിവരികയാണ്. നാട്ടില്‍ പൊലീസിനെ നന്നേ പേടിയും വിലയുമില്ലാതായിരിക്കുന്നു. കൃത്യസമയത്ത് പൊലീസിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. സര്‍ക്കാറിനും മന്ത്രിമാര്‍ക്കും എസ്‌കോട്ട് പോകുന്നതിനും മറ്റും മാത്രമാണ് ഇപ്പോള്‍ കേരള പൊലീസിന്റെ കൃത്യനിഷ്ട.
ഈ നാട്ടില്‍ ആരാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് ആളുകള്‍ ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. നേരം വെളുക്കുമ്പോള്‍ ഇന്നെന്ത് കുറ്റകൃത്യ വാര്‍ത്തയാണ് കേള്‍ക്കേണ്ടി വരികയെന്ന ഭീതിയിലേക്ക് നാട് മാറിയിരിക്കുന്നു. പൊലീസിലും ആഭ്യന്തര വകുപ്പിലും അടിമുടി മാറ്റങ്ങള്‍ ഉണ്ടായേ പറ്റൂ. പരാതികളോടെ കൃത്യസമയത്ത് ഇടപെടാന്‍ സാധിക്കണം. പൊലീസും പൊലീസ് മന്ത്രിയും ഈ നാട്ടിലുണ്ടെന്ന് ഓരോ ജനത്തിനും തോന്നണെ. നിര്‍ഭയരായി ജീവിക്കാന്‍ പറ്റണം.