Fincat

സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ് മാത്രം


തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ കാരണവർ സ്ഥാനത്തിരുന്നാണ് ചരിത്രത്താളുകളില്‍ നേരിൻ്റെ തെളിമയുള്ള മുഖമായി തെന്നല ബാലകൃഷ്‌ണ പിള്ള മായുന്നത്.ശൂരനാട്ടെ കോണ്‍ഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കെപിസിസി പ്രസിഡൻ്റ് സ്ഥാനം വരെയെത്തി. നാടിൻ്റെ ശബ്ദമായി പാർലമെൻ്റിലും തിളങ്ങി. രാഷ്ട്രീയ ജീവിതം ആരംഭിക്കുമ്ബോള്‍ 17 ഏക്കർ ഭൂമിയുടെ ഉടമയായിരുന്നെങ്കിലും ഓരോ ഘട്ടത്തിലായി പാർട്ടിക്ക് വേണ്ടി സ്വത്തുക്കള്‍ വിറ്റു. ഒടുവില്‍ രാഷ്ട്രീയ നേതാവിൻ്റെ കുപ്പായം അഴിച്ചുവെച്ച്‌ വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്ബോള്‍ 11 സെൻ്റ് ഭൂമി മാത്രമാണ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.
പാർട്ടിയിലെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്‌ണപിള്ള. പാർട്ടി സംസ്ഥാനത്ത് 100 ലധികം നിയമസഭാ സീറ്റുകളില്‍ ജയിച്ച്‌ അധികാരം പിടിച്ച സമയത്ത് കെപിസിസിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. കൊല്ലം ശൂരനാട്ടെ സമ്ബന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോണ്‍ഗ്രസില്‍ പുളിക്കുളം ബൂത്ത് പ്രസിഡ‍ന്‍റായി രാഷ്ട്രീയത്തിന് തുടക്കം. പിന്നീട് പടിപടിയായി മണ്ഡലം, ബ്ലോക്ക്, ഡിസിസി അധ്യക്ഷ പദവികളിലേക്ക്.
അഞ്ചു തവണ അടൂരില്‍ മത്സരിച്ചു. രണ്ടു തവണ എംഎല്‍എയായി. മൂന്നു തവണ രാജ്യസഭാ സീറ്റുകിട്ടി. രണ്ടുപ്രാവശ്യം കെപിസിസി അധ്യക്ഷനായി. സംസ്ഥാനത്ത് കോണ്‍ഗ്രസ് പാർട്ടി ഗ്രൂപ്പു പോരില്‍ ശ്വാസം മുട്ടിയപ്പോള്‍ ജീവശ്വാസം പകര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വെട്ടുംകുത്തും നിറഞ്ഞാടിയ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിവുണക്കാന്‍ കുറിക്കപ്പെട്ട മരുന്നായാണ് പാർട്ടി നേതാക്കള്‍ ഇന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
2001 ല്‍ നൂറുസീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പാര്‍ട്ടി അധ്യക്ഷ കസേരയില്‍ തെന്നലയായിരുന്നു ഉണ്ടായിരുന്നത്. ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കരുണാകരന്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ കെ മുരളീധരന്‍ കെപിസിസി അധ്യക്ഷനായി. ഒരു നന്ദിപോലും പറയാതെ അധ്യക്ഷ കസേരയില്‍നിന്ന് ഇറക്കിവിട്ടതാണ് ചരിത്രത്തില്‍ തെന്നലയോട് കോണ്‍ഗ്രസ് ചെയ്ത നന്ദികേട്.
പക്ഷേ 2004 ല്‍ വീണ്ടും പ്രസിഡന്‍റാക്കി അതിന് പ്രായശ്ചിത്തം ചെയ്തു. ഒരിക്കലും ഒന്നിലും പരാതിയുണ്ടായിരുന്നില്ല തെന്നലയ്ക്ക്. 1982 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് എംപി ഗംഗാധരന്‍ രാജിവച്ചപ്പോള്‍ തെന്നല മന്ത്രിയാകേണ്ടതായിരുന്നു. അന്ന് രമേശ് ചെന്നിത്തലക്കായി കെ കരുണാകരന്‍ വഴിവെട്ടി. പിന്നീട് 1991 ല്‍ രാജ്യസഭാ സീറ്റു നല്‍കി ആ കടവും കോണ്‍ഗ്രസ് വീട്ടി. ത്യാഗപൂര്‍ണവും ആദര്‍ശധീരവുമായൊരു രാഷ്ട്രീയ യാത്രയ്ക്ക് സമാപനം.