Main Banner

വീണ്ടും മേഘവിസ്ഫോടനം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മഴ തുടരുന്നത് ആശങ്കയേറ്റുന്നു


ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിലെ വൻ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘവിസ്ഫോടനംകൂടി റിപ്പോർട്ട് ചെയ്തു.ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്ബിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മേഘവിസ്ഫോടനമുണ്ടായതായി ഉത്തരകാശി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തക സംഘങ്ങളെല്ലാം ധരാലിയിലെ വൻ മേഘവിസ്ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ പുതിയ സംഭവം കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നു.
മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് അധികൃതർ. രണ്ടാമത്തെ മേഘവിസ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. എസ്ഡിആർഎഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമസക്കാർ വീടുകളില്‍ത്തന്നെ കഴിയണമെന്നും അപകടസാധ്യതാ മേഖലകള്‍ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വൻ മേഘവിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അൻപതിലധികംപേരെ കാണാതായി. നാലുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു പർവതശിഖരത്തില്‍നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓടിരക്ഷപ്പെടാൻപോലും സാധിക്കാത്ത വിധം, സെക്കൻഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹർസില്‍ മേഖലയിലെ ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യൻ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.