Fincat

യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ്​ അൽ സായേഗ്

അബുദാബി: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന അബ്ദുൽറഹ്മാൻ അൽ ഒവൈസിന്റെ സേവനങ്ങൾക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദി അറിയിച്ചു. ഫെഡറൽ ആരോഗ്യമേഖലയുടെ വികസനത്തിൽ അൽ ഒവൈസ് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. അൽ സായേഗ് 2018 സെപ്റ്റംബർ മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മന്ത്രാലയത്തിൻറെ സാമ്പത്തിക, വാണിജ്യ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് അദ്ദേഹമാണ്. ഏഷ്യൻ രാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) അംഗങ്ങളുമായും യുഎഇയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

മന്ത്രിപദവികൾക്ക് പുറമെ, അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെയും (അഡ്‌നോക്) അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെയും (എഡിഎഫ്ഡി) ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. എമിറേറ്റ്സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫിന്റെ വൈസ് ചെയർമാനും യുഎഇ-യുകെ ബിസിനസ് കൗൺസിലിന്റെ സഹ ചെയർമാനുമാണ്. അമേരിക്കയിലെ ലൂയിസ് & ക്ലാർക്ക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.