Fincat

ഖത്തർ ദോഹയില്‍ പത്തോളം ഇടങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ എന്ന് സൂചന

ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേല്‍ വ്യോമാക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കത്താറയിൽ പുക ഉയരുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രായേൽ സൈന്യം ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ച് ദോഹയിൽ ഹമാസിൻ്റെ ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. വർഷങ്ങളായി ഹമാസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാക്കളാണ് കൊല്ലപ്പെട്ടതെന്നും ഹമാസിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുമെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെ എന്നാണ് സൂചന. വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്.