‘ശബരിമലയിലെ സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റു’: ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കും.സ്വര്‍ണക്കൊളള സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കിയത് തനിക്ക് അറിയാവുന്ന ഒരു വ്യവസായി ആണെന്നും ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി പറഞ്ഞത്. കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണ്. ലഭിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കും. എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തനാണ് ഞാന്‍. അതിനാലാണ് ഇത്തരം ഒരു വിവരം കിട്ടിയപ്പോള്‍ പങ്കുവയ്ക്കണമെന്ന് തോന്നിയത്’ രമേശ് ചെന്നിത്തല പറഞ്ഞു.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കത്ത് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് മൊഴി നല്‍കാനുളള തീരുമാനം. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
