Shobika

‘എല്ലാകാലത്തും ‘അമ്മ’ അതിജീവിതയ്ക്കൊപ്പം; പ്രതികൾക്കുള്ള ശിക്ഷ പോര’; ശ്വേത മേനോൻ

നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.

1 st paragraph

കഴിഞ്ഞദിവസം നടന്നത് അടിയന്തരമായി ചേർന്ന യോ​ഗമല്ലെന്നും മൂന്നാഴ്ച തീരുമാനിച്ചിരുന്ന യോ​ഗമാണ് നടന്നതെന്നും ശ്വേത മേനോൻ പറഞ്ഞു. ദിലീപ് അമ്മയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ദിലീപ് ഇപ്പോൾ അം​ഗമല്ലെന്നും ശ്വേത പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ കോടതി വിധിയിൽ അമ്മ പ്രതികരിക്കാൻ വൈകി എന്ന ബാബുരാജിന്റെ വിമർശനത്തിന് മറുപടിയുമായി ശ്വേത മേനോൻ രം​ഗത്തെത്തി. സംഘടനാകാര്യം അറിയാത്ത ആളല്ലല്ലോ ബാബുരാജ് എന്നായിരുന്നു പ്രതികരണം.

വിധിയിൽ എടുത്ത് ചാടി പ്രതികരിക്കാൻ കഴിയില്ലെന്ന് ബാബു രാജിന് അറിയാം. സംഘടനയ്ക്ക് സംഘടനയുടേതായ ഘട്ടങ്ങളുണ്ട്. നിയമവിദഗ്ദരുമായി ആലോചിക്കേണ്ടതുണ്ട്. ഇതൊന്നും കുട്ടിക്കളിയൊന്നുമല്ലല്ലോ എന്ന് ശ്വേത പറഞ്ഞു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണ്. എല്ലാ മലയാളികളും അവൾക്കൊപ്പമാണെന്ന് ശ്വേത കൂട്ടിച്ചേർത്തു.

2nd paragraph

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.