ദുബായ് വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീര്‍ വയലില്‍

ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍.

അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.
‘അപകടത്തില്‍പ്പെട്ട മുഴുവന്‍ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവര്‍ പ്രവാസലോകത്ത് എത്തിയത്. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഡോ. ഷംഷീര്‍ വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാര്‍ മൂലം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ച ഏഴ് പേരില്‍ ആറ് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ശ്രീലങ്കന്‍ പൗരനുമാണ്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും മൂന്ന് പേര്‍ തെലങ്കാനയില്‍ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒന്‍പത് പേരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും. ഒരാള്‍ നേപ്പാള്‍ സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മുന്‍പും ദുരന്തമുഖത്ത് അടിയന്തര സഹായങ്ങളുമായി ഡോ. ഷംഷീര്‍ മുന്നോട്ടുവന്നിട്ടുണ്ട്. മുന്‍പ് അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 6 കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.