വീണയ്ക്കായി ചോദ്യാവലി തയ്യാറാക്കി ഇ.ഡി; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ വീണാ തൈക്കണ്ടിയിലിനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി.

സിഎംആർഎല്ലില്‍ നിന്നും ലഭിച്ച 2.78 കോടി വിനിയോഗിച്ചത് എങ്ങനെയെന്നതില്‍ വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ കണ്ടുകെട്ടാനും നീക്കം. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 134 രേഖകള്‍ ആവശ്യപ്പെട്ട് എസ്‌എഫ്‌ഐഒയ്ക്ക് ഇ.ഡി കത്ത് നല്‍കി. അതേസമയം, സിഎംആർഎല്‍ ഉന്നതരുടെ ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും.
കഴിഞ്ഞ ദിവസമാണ് സിഎംആർഎല്‍-എക്സാലോജിക് കേസില്‍ വീണ തൈക്കണ്ടിയിലിന് ഇ.ഡി സമൻസ് നല്‍കിയത്. വെള്ളിയാഴ്ച കൊച്ചിയലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് വീണയ്ക്ക് നല്‍കിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്ത, മകൻ ശരണ്‍ എസ്. കർത്ത എന്നിവരും സമൻസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ശരണ്‍ എസ്. കർത്തയ്ക്ക് തിങ്കളാഴ്ച ഹാജരാകാനാണ് സമൻസ് നല്‍കിയിരിക്കുന്നത്.

ബാങ്ക് രേഖകള്‍, സ്വത്ത് വിവരങ്ങള്‍, നികുതി വിവരങ്ങള്‍ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു. കേസില്‍ ഇതാദ്യമായാണ് വീണയെ ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎല്‍എ, സിഎംആർഎല്‍ എംഡി എന്നിവരുടെ വീടുകളിലുള്‍പ്പെടെ 11 ഇടങ്ങളില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎല്‍-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.