Main Banner

മലയാള മണ്ണില്‍ വേരാഴ്ത്തി ലോകസിനിമയുടെ നെറുകിലേക്ക് ഉയര്‍ന്ന നക്ഷത്രം; അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 85-ാം ജന്മദിനം

മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 85-ആം ജന്മദിനം. മലയാള സിനിമയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ അതുല്യപ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ സിനിമകള്‍ കേവലം കഥപറച്ചിലുകളല്ല, മറിച്ച് സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളും മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്കുള്ള യാത്രകളുമാണ്.

1 st paragraph

മലയാളത്തിന്റെ മണ്ണില്‍ നിന്നും ലോക സിനിമയുടെ നെറുകയിലേയ്ക്ക് ഉയര്‍ന്ന നക്ഷത്രമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഓരോ ഫ്രെയിമുകളിലും ജീവിതത്തിന്റെ നിഗൂഢതകളെയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെയും സൂക്ഷ്മമായി വരച്ചുകാട്ടി അടൂര്‍ സിനിമകള്‍.

പത്തനംതിട്ടയിലെ അടൂരിനടുത്ത് പള്ളിക്കല്‍ ഗ്രാമത്തില്‍ ജനിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര സംവിധാനം പഠിക്കാന്‍ പോകുന്നത്. 1965-ല്‍ തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ പൂര്‍ത്തീകരിച്ച അടൂര്‍, കുളത്തൂര്‍ ഭാസ്‌കരന്‍ നായരുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ഫിലിം സൊസൈറ്റിയായ ‘ചിത്രലേഖ ഫിലിം സൊസൈറ്റി’ക്ക് രൂപം നല്‍കി. മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ നാഴികക്കല്ലായി മാറിയത് ചിത്രലേഖ ഫിലിം സൊസൈറ്റിയായിരുന്നു. 1972-ല്‍ ‘സ്വയംവരം’ ഒരുക്കി മലയാള സിനിമയില്‍ അടൂര്‍ നവതരംഗത്തിന് തുടക്കമിട്ടു.

2nd paragraph

തുടര്‍ന്ന് ‘കൊടിയേറ്റം’, ‘എലിപ്പത്തായം’ ‘മുഖാമുഖം’, ‘അനന്തരം’ , ‘മതിലുകള്‍’, ‘വിധേയന്‍’, ‘കഥാപുരുഷന്‍’, ‘നിഴല്‍ക്കുത്ത്’, ‘നാലു പെണ്ണുങ്ങള്‍’, ‘ഒരു പെണ്ണും രണ്ടാണും’, ‘പിന്നെയും’ തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് അടൂര്‍ സമ്മാനിച്ചു. ഫീച്ചര്‍ ഫിലിമുകള്‍ക്കു പുറമേ, ഇരുപത്തിയഞ്ചോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അടൂരിന്റേതായിട്ടുണ്ട്.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികളും അടൂരിനു ലഭിച്ചു. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിരവധി തവണ അടൂരിനെ തേടിയെത്തി.