ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും നിലനില്ക്കുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.
