പുനർജനി കേസ്: ‘ഈ സർക്കാർ വന്നശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ല; അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്’; മുഖ്യമന്ത്രി

പുനർജനി കേസിൽ ഈ സർക്കാർ വന്നശേഷം ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മുൻ സർക്കാരാണ് അന്വേഷണം നടത്തിയത്. കേസ് വന്നപ്പോൾ രാഷ്ട്രീയ വേട്ടയാടലാണെന്ന് താൻ പറഞ്ഞില്ല. ഒരു കേസ് വന്നു , അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അന്വേഷിച്ച കേസിൽ 2023 ൽ വീണ്ടും ഒരു പരാതി വാങ്ങി വീണ്ടും അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കേസിൽ 2024ൽ വിജിലൻസ് റിപ്പോർട്ട് നൽകി. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്ലെന്ന് ഒരു വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് കൊടുത്തു. അപ്പോൾ FCRA ലംഘനം ഉണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു. അപ്പോൾ രണ്ടാമത്തെ ഡയറക്ടർ FCRA ലംഘനം ഇല്ലന്ന് റിപ്പോർട്ട് നൽകി. എന്നിട്ടും ഒന്നും ചെയ്യാതെ മാറ്റി വെച്ചിരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എംപവേഡ് റിപ്പോർട്ട് തന്നിട്ടില്ലെന്നും ധൃതി പിടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ബലി കഴിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകാൻ വേണ്ടിയുള്ള ധനസമാഹരണം നടത്താൻ വിദേശയാത്ര നടത്തിയെന്നും ധനസമാഹരണം നടത്തിയെന്നതിലുമാണ് കഴിഞ്ഞ സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം നടത്തിയത്. വിഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചത്.

