മലയാള സർവകലാശാലയിലെ ജാതിവിവേചനം: സ്വതന്ത്ര അന്വേഷണം വേണം — റസാഖ് പാലേരി
ജാതിവിവേചനം നേരിടുന്ന ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയെ സന്ദർശിച്ച് റസാഖ് പാലേരി ഐക്യദാർഢ്യം അറിയിച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർത്ഥിനി അനഘ ശശി കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്നതായി പരാതിപ്പെട്ടിരിക്കുന്ന ജാതീയവും അക്കാദമികവുമായ വിവേചനങ്ങളിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റം തെളിയുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ജാതിവിവേചനം നേരിടുന്നതായി പരാതി നൽകിയ അനഘ ശശിയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവേഷണ പഠനസഹായങ്ങൾ നിഷേധിച്ചതായും മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഫെലോഷിപ്പ് ലഭിച്ചത് ജാതിയുടെ പേരിലാണെന്ന് പറഞ്ഞ് അപമാനിച്ചതായും അനഘ ശശി പരാതിപ്പെട്ടിട്ടുണ്ട്. ലാബുകളും ഉപകരണങ്ങളും വൃത്തിയാക്കുക, വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ തുടച്ചുവെക്കുക, തൂപ്പുജോലികൾ ചെയ്യുക തുടങ്ങിയ ജോലികൾ ഗവേഷക വിദ്യാർത്ഥിനിയെക്കൊണ്ട് ചെയ്യിച്ചതായുള്ള ആരോപണങ്ങളും ഗൗരവമായി അന്വേഷിക്കണം. പരിസ്ഥിതി പഠന വിഭാഗം ഡയറക്ടർ ഡോ. അരുൺ ബാബു, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ വിദ്യാർത്ഥിനി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
ഹോസ്റ്റൽ റൂംമേറ്റായ എസ്.എഫ്.ഐ നേതാവിൽ നിന്ന് അതിക്രൂരമായ റാഗിങ്ങിന് ഇരയായതായും വിദ്യാർത്ഥിനി ആരോപിക്കുന്നുണ്ട്. താൻ നേരിട്ടതായി പറയുന്ന ജാതീയ പീഡനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞതിനു പിന്നാലെ വിദ്യാർത്ഥിനിയെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പരാതിയുടെ ഗൗരവം ഇല്ലാതാക്കാൻ ശ്രമിച്ചതായുള്ള ആരോപണവും പരിശോധിക്കണം. അനഘയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും അനഘയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സഹഗവേഷക വിദ്യാർത്ഥിക്കെതിരെ അക്കാദമികമായി പ്രതികാര നടപടി സ്വീകരിക്കാൻ ശ്രമിച്ചതായുമുള്ള പരാതികളിലും അന്വേഷണം വേണം.

മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന വിദ്യാർത്ഥിനിയുടെ പരാതിയും ഗൗരവമായി പരിശോധിക്കണം. ഏറ്റവും ഒടുവിൽ പുതിയ സർക്കാരിന് പരാതി നൽകിയപ്പോൾ, തുടക്കം മുതൽ വിദ്യാർത്ഥിനിയുടെ പരാതികൾ കൈകാര്യം ചെയ്തതിൽ ആരോപണങ്ങൾ നേരിടുന്ന സർവകലാശാലാ രജിസ്ട്രാറെ തന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണ്. പരാതിയുമായി ബന്ധപ്പെട്ട നടപടികളിൽ ആരോപണവിധേയമായ പങ്കുള്ളവരെ തന്നെ അന്വേഷണ ചുമതല ഏൽപ്പിക്കുന്നത് നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.
അനഘ ശശി ഉന്നയിച്ച ജാതീയ അധിക്ഷേപം, മാനസിക പീഡനം, അക്കാദമിക വിവേചനം, റാഗിങ്, ഭീഷണി തുടങ്ങിയ പരാതികളിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റം തെളിയുന്ന പക്ഷം പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണം. സർവകലാശാലാ രജിസ്ട്രാറെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി നിഷ്പക്ഷവും സ്വതന്ത്രവുമായ ഉന്നതതല അല്ലെങ്കിൽ ജുഡീഷ്യൽ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
രണ്ടര വർഷമായി നീളുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് അനഘയുടെ സ്ഥിരം ഗൈഡിനെയും ഗവേഷണ വിഷയത്തെയും അടിയന്തരമായി ഔദ്യോഗികമായി അംഗീകരിക്കണം. ഡോക്ടറൽ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർത്ത് ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ ലാബ്, ലൈബ്രറി, മറ്റ് അക്കാദമിക സൗകര്യങ്ങൾ യാതൊരു തടസ്സവും വിവേചനവും കൂടാതെ ലഭ്യമാക്കണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതീയ വിവേചനവും സ്ഥാപനവൽക്കരിക്കപ്പെട്ട അക്കാദമിക പീഡനവും അനുവദിക്കാനാവില്ല. രോഹിത് വെമുലമാരുടെയും നിതിൻ രാജുമാരുടെയും അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം പരാതികളിൽ ഭരണകൂടവും സർവകലാശാലാ സംവിധാനങ്ങളും ശക്തമായ ഇടപെടൽ നടത്തണം. ഒരു വിദ്യാർത്ഥിനിക്ക് നീതി ലഭിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും റസാഖ് പാലേരി പറഞ്ഞു.
സന്ദർശനത്തിൽ ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, തിരൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. സഹീർ കോട്ട്, സെക്രട്ടറി അഷ്റഫലി, അഫ്സൽ നവാസ്, നാസർ വെട്ടം, സലീം പറവണ്ണ എന്നിവർ പങ്കെടുത്തു.
