വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി വാദം. എന്നാൽ വന്ദേമാതര ബിൽ ചർച്ചയിൽ ജയ്റാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസും ഡിഎംകെയും സോണിയ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നു.

വന്ദേമാതര ആലാപനവിവാദത്തിൽ സംസ്ഥാനത്തെ രാഷ്ട്രീപ്പോര് പുതിയ തലങ്ങളിലേക്ക്. മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങുന്നത് കോൺഗ്രസിന്റെ സ്ഥിരം നയമായി മാറിയെന്നും പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നുവെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്നലെ രംഗത്തെത്തിയതോടെയാണ് വന്ദേമാതരം ആലാപന വിവാദം പുതിയ തലങ്ങളിലേക്ക് കടന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത് . കേരളത്തിൽ മാത്രം ദേശീയഗീതം പാടാൻ സർക്കാർ സമ്മതിച്ചില്ലെന്നും മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്നുമാണ് ബിജെപിയുടെ വിമർശനം. നിയമപരമായ നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ നൽകിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് വി ഡി സതീഷന്റെയും മുഹമ്മദാലി ജിന്നയുടെയും കോലം പ്രവർത്തകർ കത്തിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് സർക്കാർ പരിപാടികളിൽ ദേശീയ ഗീതം പൂർണമായി അലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്നാണെന്ന വാദം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. എന്നാൽ ഈ നേതാക്കളുടെ അവകാശവാദം തള്ളിയുമാണ് പരിഹസിച്ചും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇന്നലെ രംഗത്ത് എത്തിയത്.
