കായികരംഗത്തെ മികവിന് തുഞ്ചൻ കോളേജിന് യൂണിവേഴ്സിറ്റി പുരസ്കാരം

തിരൂർ: കാലിക്കറ്റ് സർവകലാശാലയുടെ 400-ലധികം അഫിലിയേറ്റഡ് കോളേജുകളിൽ കായികരംഗത്തെ മികച്ച നേട്ടത്തിന് ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും ഗവൺമെന്റ് കോളേജുകളിൽ ഒന്നാം സ്ഥാനവും നേടി ടി.എം. ഗവൺമെന്റ് കോളേജ് പുരസ്കാരത്തിന് അർഹമായി. പുരസ്കാരം കേരള കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് സമ്മാനിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ശ്യാം ചന്ദ്, ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ഡോ. ഷുക്കൂർ ഇല്ലത്ത്, പി.ടി.എ. വൈസ് പ്രസിഡന്റ് മുജീബ് എ.പി., ഐ.ക്യു.എ.സി. പ്രതിനിധി ഡോ. ജാബിർ കെ.ടി. എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ, പ്രോ-വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ്, രജിസ്ട്രാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോളേജിന്റെ കായികമികവിന് നേതൃത്വം നൽകിയ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ഡോ. ഷുക്കൂർ ഇല്ലത്തിനും നേട്ടത്തിന്റെ പ്രധാന പങ്കാളികളായ വിദ്യാർഥികൾക്കും കോളേജ് അധികൃതർ അഭിനന്ദനം അറിയിച്ചു. കായികരംഗത്ത് കൂടുതൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ ടി.എം.ജി. കോളേജിന് സാധിക്കട്ടെയെന്നും ആശംസിച്ചു.
