മലപ്പുറം ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 57,341 കോടി രൂപ

ജില്ലയിലെ ബാങ്കുകളില്‍ 2026 ജൂൺ പാദത്തില്‍ 57,341 കോടി രൂപയുടെ നിക്ഷേപം. ഈ കാലയളവില്‍ ജില്ലയിലെ വായ്പാ വിതരണം 37,289 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മാര്‍ച്ച് പാദത്തില്‍ ആകെ നിക്ഷേപം 55,607 കോടി രൂപയും വായ്പാ വിതരണം 36675 കോടി രൂപയുമായിരുന്നു.

ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 65.03 ശതമാനമാണ്. ആകെ നൽകിയ വായ്പകളിൽ 20,800 കോടി രൂപയും (55.78%) മുൻഗണനാ മേഖലയ്ക്കാണ് ലഭ്യമാക്കിയത്.
2026-27 സാമ്പത്തിക വർഷത്തിലെ 24,080 കോടി രൂപയുടെ ആകെ വായ്പാ ലക്ഷ്യത്തിൽ ജൂൺ പാദം വരെ 6,964 കോടി രൂപ (29%) വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ കാർഷിക മേഖലയിൽ 3,725 കോടി രൂപയും (21%) വ്യവസായ മേഖലയിൽ 2,725 കോടി രൂപയും (51.96%) സേവന മേഖലയിൽ 514 കോടി രൂപയുമാണ് (41%) വായ്പയായി അനുവദിച്ചത്. കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രം, എംപ്ലോയ്മെന്റ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി.

മലപ്പുറം കിഴക്കേത്തല ഹോട്ടൽ എസ്പെറോ ഇന്നിൽ ചേർന്ന യോഗം അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി.ഒ സാദിഖ് അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് മലപ്പുറം റീജിയണൽ ഓഫീസ് എ.ജി.എമ്മും റീജിയണല്‍ ഹെഡുമായ പുലി സായ് കൃഷ്ണ, തിരുവനന്തപുരം ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ എൻ.എസ് അമൽ, നബാർഡ് ഡി.ഡി.എം ഭഗവതി, ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.വി അഞ്ജനാദേവ്, വിവിധ ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
