ചേർത്തുപിടിക്കലിന്റെ വേരുകൾ: ഓണവും നബിദിനവും സംഗമിക്കുമ്പോൾ

പി. സുരേന്ദ്രൻ

കാലം ചെല്ലുംതോറും കൂടുതൽ ബഹുസ്വരമായി മാറുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇതര സമുദായങ്ങളെല്ലാം ഓണം തങ്ങളുടേതുകൂടിയാക്കി മാറ്റിക്കഴിഞ്ഞു. അതിനൊരു കാരണവുമുണ്ട്. വംശീയതയുടെ വക്താക്കൾക്ക് ഒരിക്കലും ഓണം ഉൾക്കൊള്ളാൻ കഴിയില്ല. കാരണം, ഓണത്തിന്റെ മിത്ത് ദൈവികമല്ല, മറിച്ച് മാവേലി തമ്പുരാനുമായി ബന്ധപ്പെട്ടതാണ്. പ്രജാക്ഷേമതത്പരനായ ഒരു ഭരണാധികാരിയുടെ നീതിബോധം ദേവന്മാരെപ്പോലും അസൂയപ്പെടുത്തിയെന്നും, ഒടുവിൽ അദ്ദേഹം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു എന്നുമാണല്ലോ ഐതിഹ്യം. വംശവെറി നിറഞ്ഞാടുന്ന കാലത്ത് അത്തരം ആശയങ്ങളെ അവർക്ക് ഉൾക്കൊള്ളാനാവില്ല, എന്നാൽ ബഹുസ്വര സമൂഹം അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ക്രിസ്തീയ സമുദായത്തിനകത്ത് ഓണം ആഘോഷിക്കാൻ പാടില്ലെന്ന തിട്ടൂരം പുറപ്പെടുവിച്ച ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ലത്തീൻവൽക്കരണത്തിന്റെ കാലഘട്ടത്തിലാകണം അത്. എന്നാൽ, ആ വിലക്കുകൾ മറികടന്ന് ‘ഞങ്ങൾ ഓണം ആഘോഷിക്കും’ എന്ന് പ്രഖ്യാപിച്ച പാരമ്പര്യമാണ് അന്നത്തെ വിശ്വാസികൾ കാട്ടിയത്. മലയാളിത്തനിമയുടെയും സത്തയുടെയും അവിഭാജ്യ ഘടകമാണ് ഓണം എന്ന് അടിവരയിടുന്ന ചരിത്രമാണത്.

ഇത്തവണ ഋതുചക്രം തിരിയുമ്പോൾ ഓണവും നബിദിനവും ഒരുമിച്ചെത്തിയിരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുപ്പിറവികൊണ്ടു ധന്യമായ മാസവും ചിങ്ങവും ഇവിടെ സംഗമിക്കുകയാണ്. കവി വീരാൻകുട്ടിയുടെ ഒരു മനോഹരമായ കൽപ്പനയാണ് ഈയവസരത്തിൽ ഓർമവരുന്നത്: കൊമ്പുകളും ചില്ലകളും പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ അകലത്തിൽ നട്ട മരങ്ങൾ, വളരുമ്പോൾ ഭൂമിക്കടിയിലൂടെ വേരുകൾകൊണ്ട് പരസ്പരം ചേർത്തുപിടിക്കുന്നു! വംശവെറിയുടെ ഈ കാലത്ത് മനുഷ്യർക്കിടയിൽ കൃത്രിമമായ അകലങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, അത്തരം വേർതിരിവുകൾക്ക് പ്രസക്തിയില്ലെന്ന് കാലവും പ്രകൃതിയും സ്നേഹത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുകയാണ്.
ഓണം ഇന്ന് ഒരു വലിയ വിപണിയായി മാറിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ, ആ വിപണി നിലനിൽപ്പിന്റെ കൂടി ഭാഗമാണ്. വസ്ത്രവ്യാപാരികളും ഗ്രാമീണ നെയ്ത്തുതൊഴിലാളികളും കൈത്തറി മേഖലയുമെല്ലാം വർഷം മുഴുവൻ കാത്തിരിക്കുന്നത് ഈ ഓണക്കാലത്തെ ഉപജീവനത്തിനായാണ്.
ഓണത്തിന്റെ അനുഷ്ഠാനങ്ങൾ വളരെ ലളിതമാണ്. വീട്ടുപടിക്കൽ ഒരു പൂക്കളമൊരുക്കുക എന്നതിലപ്പുറം സങ്കീർണ്ണതകളൊന്നുമില്ല. വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും പുതുതലമുറ ഓണത്തെ ആവേശത്തോടെ വരവേൽക്കുന്നത് ഈ ചേർത്തു നിർത്തലിന്റെ സൗന്ദര്യം കൊണ്ടാണ്. പ്രവാചകനും എപ്പോഴും നിലകൊണ്ടത് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അടിമകൾക്കും കറുത്തവർക്കും വേണ്ടിയായിരുന്നു. അപരവൽക്കരണത്തിന്റെ ഈ കാലത്ത് മനുഷ്യരെ സ്നേഹംകൊണ്ടു ചേർത്തുപിടിക്കുക എന്ന ആശയമാണ് ഓണവും നബിദിനവും ഒരുമിച്ചെത്തുമ്പോൾ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ദിവസം എടപ്പാളിലൂടെ നടന്നുപോയപ്പോൾ ‘പൂരാട വാണിഭ’ ഘോഷയാത്ര കാണാനിടയായി. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത സവിശേഷമായ ഒരു ഉത്സവമാണിത്. കർഷകർ തങ്ങൾ വിളയിച്ചെടുത്ത നേന്ത്രക്കുലകൾ പഴുപ്പിച്ച് ഇവിടെയെത്തിക്കുന്നു. ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണല്ലോ നേന്ത്രപ്പഴം . വഴിയുടെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം നേന്ത്രക്കുലകൾ തൂക്കിയിടുന്ന ആ കാഴ്ച കുട്ടിക്കാലം മുതൽ എന്നെ വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ഇന്നും ആ ഉത്സവം അതേപടി നടക്കുന്നു. ഇതിലെ കച്ചവടക്കാരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. ജാതിമത ഭേദമന്യേ എല്ലാവരും ആ ഘോഷയാത്രയിൽ അണിനിരക്കുന്നു. നാടെങ്ങും ഇതേ സൗഹൃദം പടരട്ടെ; എല്ലാ മനുഷ്യരും പരസ്പരം ചേർന്നുനിൽക്കട്ടെ.
ഏല്ലാവർക്കും ഹൃദ്യമായ ഓണം–നബിദിന ആശംസകൾ!
