വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി. പശ്ചിമ ബംഗാള്‍ പശ്ചിം മേദിനിപ്പൂര്‍ സ്വദേശിയായ കുട്ടിയെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് ഹെല്പ് ലൈന്‍ വിഭാഗത്തിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി പഠനത്തില്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 19-നാണ് കുട്ടി നാല് സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തിലേക്ക് തിരിച്ചത്. കോഴിക്കോട്ടെത്തിയ സംഘം മലപ്പുറം വാഴക്കാട്ടെ ക്വാര്‍ട്ടേഴ്സില്‍ താമസമാക്കി. എന്നാല്‍ അവിടെ ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ കുട്ടി ജൂലൈ നാലിന് ചൈല്‍ഡ് ഹെല്പ്ലൈന് (1098) നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ലൊക്കേഷന്‍ പരിശോധനയില്‍ അതീവ അപകടകരമായ സാഹചര്യത്തില്‍ കഴിയുകയായിരുന്ന കുട്ടിയെ ജൂലൈ അഞ്ചിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘം വാഴക്കാടുനിന്ന് റെസ്ക്യൂ ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവുപ്രകാരം തവനൂര്‍ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ്ങും മാനസിക പിന്തുണയും നല്കി. സാമ്പത്തിക പ്രയാസമുള്ള കുടുംബമാണെന്ന് സാമൂഹിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ, പൂര്‍ണ്ണമായും സര്‍ക്കാരിന്റെ യാത്രാചെലവില്‍ ഉദ്യോഗസ്ഥ സംഘം കുട്ടിയെ ബംഗാളിലേക്ക് അനുഗമിക്കുകയായിരുന്നു. പശ്ചിം മേദിനിപ്പൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലി നേടുകയെന്ന ആഗ്രഹത്തോടെയാണ് കുട്ടി മാതാപിതാക്കളോടൊപ്പം മടങ്ങിയത്.

