ആന്റോ അഗസ്റ്റിനെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസ്; 24മണിക്കൂർ കസ്റ്റഡിയിൽ വിട്ട് കോടതി

അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ആൻ്റോയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നേരത്തെ, ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യ ശേഖരമാണ് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആന്റോ അഗസ്റ്റിന്റേത് അല്ല വീട് എന്നായിരുന്നു പ്രതിഭാഗം വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025 ഇൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പടെ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത്രയധികം മദ്യ ശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു? ഇതിന്റെ സോഴ്‌സ് എന്താണ്? എന്ന് ഉൾപ്പെടെ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
പിടിച്ചെടുത്ത 43 ലിറ്ററിൽ അധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു. പിന്നിൽ ആരെങ്കിലും ഉണ്ടോ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ കണ്ടെത്തണമെന്നായിരുന്നു പ്രോസിക്യൂഷ്യൻ വാദം. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. തുടർന്ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

