മദ്യശാലകൾക്ക് ലൈസൻസ്: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണം – കേരള മദ്യനിരോധന സമിതി

തിരൂർ : സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി പുതിയ ബാറുകൾക്കും മദ്യശാലകൾക്കും ലൈസൻസ് അനുവദിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും എൻ.ഒ.സി നിർബന്ധമാക്കുന്ന വ്യവസ്ഥയും പുനഃസ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നത് സ്വാഗതാർഹമാണെന്ന് കേരള മദ്യനിരോധന സമിതി തിരൂർ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മദ്യശാലകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകളും സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. ജനങ്ങളുടെ അഭിപ്രായം അവഗണിച്ച് മദ്യശാലകൾ അനുവദിക്കുന്നത് പ്രദേശത്തെ സാമൂഹിക അന്തരീക്ഷത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.അതിനാൽ ബാറുകൾക്കും മദ്യശാലകൾക്കും അനുമതി നൽകുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ എൻ.ഒ.സി. നിർബന്ധമാക്കുന്ന വ്യവസ്ഥ പൂർണമായും പുനഃസ്ഥാപിക്കണമെന്നും മദ്യലഭ്യത കുറയ്ക്കുന്ന ജനകീയ മദ്യനയം സർക്കാർ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കേരള മദ്യനിരോധന സമിതി തിരൂർ താലൂക്ക് കമ്മറ്റി പ്രവർത്തക സംഗമം ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പി കോയ അധ്യക്ഷനായി. സെക്രട്ടറി ബി.പി സഹീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.പി. കുഞ്ഞു സമാപന ഭാഷണം നടത്തി.29 ന് വ്യാഴം തിരൂരിൽ നടക്കുന്ന താലൂക്ക് കൺവെൻഷനോടനുബന്ധിച്ച് യൂണിറ്റ്, പഞ്ചായത്ത് തല ജനകീയ കൺവെൻഷൻ നടത്താനും തീരുമാനിച്ചു.

