സ്കൂൾ കമ്പ്യൂട്ടറുകൾക്ക് ഇനി പുതുജീവൻ; സംസ്ഥാനത്ത് ആദ്യമായി ‘ഐ.ടി. ക്ലിനിക്’ പദ്ധതിയുമായി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്

തൃപ്രങ്ങോട്: ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി. ലാബുകളിൽ വർഷങ്ങളായി കേടായി കിടക്കുന്ന കമ്പ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും പുതുജീവൻ നൽകുന്ന ‘ഐ.ടി. ക്ലിനിക്’ പദ്ധതിക്ക് തൃപ്രങ്ങോട് തുടക്കമായി. ആനപ്പടി എ.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്തിലെ 14 പൊതുവിദ്യാലയങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രവർത്തനരഹിതമായ ഉപകരണങ്ങൾ നന്നാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആവശ്യമായ ഫണ്ട് വകയിരുത്തുകയും, കൊട്ടേഷൻ വഴി പ്രത്യേക ഏജൻസിയെ ഇതിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു മാതൃകാപരമായ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ ഉണ്ണിക്കൃഷ്ണപിള്ള പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.കെ. മുഹമ്മദ് ഷാഫി, ഹനീഫ ചെമ്മല, ഫാബി മോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്ത് കുന്നത്ത്, സജിത്ത് ആനാട്ട്, എസ്.പി. മണികണ്ഠൻ, പി.ടി.എ. പ്രസിഡന്റ് ബഷീർ രചന, എം.ടി.എ. പ്രസിഡന്റ് റമീസ, പ്രധാനാധ്യാപകൻ വത്സൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഐ.ടി. കോഡിനേറ്റർ കെ. സുരേഷ് നന്ദി രേഖപ്പെടുത്തി.

