ഭ്രൂണലിംഗ നിർണയം കുട്ടികളുടെ ജന്മാവകാശം നിഷേധിക്കൽ; നിയമം കർശനമായി നടപ്പാക്കും – ഡി.എം.ഒ

ഭ്രൂണലിംഗ നിർണയം നടത്തുന്നത് കുട്ടികളുടെ ജന്മാവകാശത്തെ ഹനിക്കുന്നതും ഗർഭസ്ഥ ശിശുക്കളോടുള്ള വിവേചനത്തിന് കാരണമാകുന്നതുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വിനോദ് പറഞ്ഞു. ലിംഗനിർണയവും അതിലൂടെയുള്ള പെൺഭ്രൂണഹത്യയും തടയുന്നതിനായി ഗർഭധാരണത്തിന് മുമ്പും പ്രസവത്തിന് മുമ്പുമുള്ള രോഗനിർണയ സാങ്കേതികവിദ്യാ (പി.സി.പി.എൻ.ഡി.ടി.) നിയമം ജില്ലയിൽ കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസിൽ സ്കാനിങ് കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്കാനിങ് കേന്ദ്രങ്ങളും അൾട്രാസൗണ്ട് പരിശോധനാ യന്ത്രങ്ങളും നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. മതിയായ യോഗ്യതയും ലൈസൻസുമുള്ള ഡോക്ടർമാർ മാത്രമേ പരിശോധനകൾ നടത്താവൂ. ഭ്രൂണലിംഗ നിർണയം നടത്തുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് ബോർഡുകൾ ഓരോ കേന്ദ്രത്തിലും പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. പരിശോധനകളുടെ വിവരങ്ങളും നിർദിഷ്ട ഫോമുകളും കൃത്യമായി പൂരിപ്പിച്ച് രേഖയായി സൂക്ഷിക്കണം.
സ്കാനിങ് കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനയും ഓഡിറ്റിംഗും നടത്തും. അഞ്ചു വർഷം കൂടുമ്പോൾ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമായും പുതുക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്ന കേന്ദ്രങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കുട്ടികൾക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പാക്കാൻ ആരോഗ്യവകുപ്പും പൊതുസമൂഹവും ഒരുപോലെ ജാഗ്രത പുലർത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു.

യോഗത്തിൽ അഡ്വ. സി. ബാബു, അഡ്വ. ബീന ജോസഫ്, കെ.പി. ജൽസീമിയ, ഡോ. കെ.എം. നൂന മർജ, ഡോ. ബി.കെ. ദീപ്തി, ഡോ. സി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
