Main Banner

കുറ്റിപ്പുറം മിനി പമ്പയിലെ ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളം പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ വിശ്രമവും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കുറ്റിപ്പുറം മിനി പമ്പയിൽ സജ്ജീകരിച്ച ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടത്താവളത്തിന്റെ പ്രവർത്തനാരംഭവും അന്നദാനം ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ നിർവഹിച്ചു.

1 st paragraph

ഇടക്കാലത്ത് വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളെ തുടർന്നാണ് പുനരാരംഭിച്ചത്.

ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന രീതിയിലാണ് ഇടത്താവളം സജ്ജീകരിച്ചിരിക്കുന്നത്.

2nd paragraph

തീർത്ഥാടന കാലയളവിൽ ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുഴയിൽ കുളിക്കാനിറങ്ങുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷാബോട്ട്,ലൈഫ് ഗാർഡ്,ഫയർഫോഴ്സ് എന്നിവയുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.

വാഹന ഗതാഗത നിയന്ത്രണത്തിന് പോലീസ്,അടിയന്തര ആരോഗ്യ സേവനങ്ങൾക്കായി മെഡിക്കൽ ടീം,ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്ലീനിംഗ് സ്റ്റാഫ് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. തവനൂർ ഗ്രാമപഞ്ചായത്ത്,ഡി.ടി.പി.സി,പോലീസ്, ഫയർഫോഴ്‌സ് എന്നിവയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.    തീർത്ഥാടന കാലയളവിലുടനീളം ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലാണ് ഭക്തർക്കായി അന്നദാനം ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഗായത്രി,തിരൂർ ആർ.ഡി.ഒ അൻവർ സാദത്ത്,തഹസിൽദാർ പ്രമോദ്,കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്ഷിറ,വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു,പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്ന ബാനു തുടങ്ങിയവർ സംസാരിച്ചു.