Shobika

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂര്‍ണമായും കത്തിയമര്‍ന്നു


മലപ്പുറം : മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു.തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്ബില്‍ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച്‌ പൂർണ്ണമായും കത്തിയമർന്നത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
വലിയ ശബ്ദം കേട്ട നാട്ടുകാരും അയല്‍വാസികളും ചേർന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്ബ് ചെയ്താണ് തീയണച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചു.