Fincat

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി; 2 മാസം കൊണ്ട് വരുമാന നഷ്‌ടം 1240 കോടി രൂപ

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് കനത്ത സാമ്പത്തിക ആഘാതം. രണ്ട് മാസം കൊണ്ട് 1240 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വെച്ചാണ് ഡോൺ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിക്ക് പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയത്. ഏപ്രിൽ 24 ന് നിലവിൽ വന്ന ഈ വിലക്കിനെ തുടർന്ന് പാകിസ്ഥാൻ്റെ വരുമാനം വലിയ തോതിൽ ഇടിഞ്ഞു.

ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം പ്രതിദിനം 100 മുതൽ 150 വിമാനങ്ങൾക്ക് വരെ ഈ വിലക്ക് നടപടി നേരിടേണ്ടി വന്നു. ഇതേ തുടർന്ന് പാക് വ്യോമപാത വഴിയുള്ള വിമാന സർവീസുകളിൽ 20 ശതമാനം കുറവുണ്ടായി. ഓഗസ്റ്റ് 24 വരെ ഈ വിലക്ക് പാകിസ്ഥാൻ നീട്ടിയിട്ടുണ്ട്. എന്നാൽ മറ്റ് അന്താരാഷ്ട്ര പാതകൾ ഉപയോഗിച്ച് സർവീസ് തുടർന്ന ഇന്ത്യക്ക് ഈ വിലക്ക് കാര്യമായ ആഘാതം ഉണ്ടാക്കിയിട്ടില്ല.

അതേസമയം സിന്ധു നദീജല കരാർ ഇന്ത്യ ഇനി തുടരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂലം പാകിസ്ഥാനിൽ കൃഷി നാശവും ഗ്രാമങ്ങളിൽ നിന്ന് ജനം വെള്ളം കിട്ടാതെ പലായനം ചെയ്യുന്ന സ്ഥിതിയുമുണ്ടായി. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മലയാളിയടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെയാണ് ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 26 പുരുഷന്മാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരരെ പ്രതിരോധിക്കാൻ ശ്രമിച്ച കശ്മീരിയും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തത്.