11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് 15കാരൻ
പിഞ്ചുകുഞ്ഞിനോട് ലൈംഗിക അതിക്രമവുമായി 15കാരൻ. ഉത്തർ പ്രദേശിലെ ബാഗ്പാതിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 15കാരൻ പിടിയിൽ. വൈദ്യ പരിശോധനയിൽ പിഞ്ചുകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്. പിന്നാലെ 15കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒരേ ചുറ്റുവട്ടത്തെ താമസക്കാരാണ് 15കാരനും പിഞ്ചുകുഞ്ഞും. പിഞ്ചുകുഞ്ഞിന്റെ പിതാവിന് ഒരു പലചരക്ക് കടയുണ്ട്. അതേസമയം ദിവസ വേതനക്കാരനാണ് 15കാരന്റെ പിതാവ്. വ്യാഴാഴ്ച പിഞ്ചുകുഞ്ഞിനെ 15കാരൻ തന്റെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോയി. അയൽവാസിയുടെ മകൻ സാധാരണ മകളെ ലാളിക്കാറുള്ളതിൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ അൽപനേരത്തിനുള്ളിൽ കുഞ്ഞ് ബഹളം വച്ച് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അയൽവാസിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരൻ പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം കാണിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
മാതാപിതാക്കൾ ബഹളം വച്ചതോടെ മറ്റ് അയൽവാസികൾ ഓടിയെത്തുകയും 15കാരനെ പിടിച്ച് വയ്ക്കുകയുമായിരുന്നു. നാട്ടുകാരാണ് 15കാരനെ പൊലീസിന് കൈമാറിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബലാത്സംഗത്തിനും പോക്സോ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായും സംഭവത്തിൽ അന്വേഷണം തുടരുന്നതായുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രാം കുമാർ കുന്തൽ വിശദമാക്കുന്നത്. 15കാരൻ ഇതിന് മുൻപ് സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്.