Shobika

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് കണ്ടെത്താം; പുതിയ പരിശോധനാസംവിധാനവുമായി കേരളം


തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പിലെ ഡോ. അനിതയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തത്.
തുടർഗവേഷണങ്ങള്‍ക്കു പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. നിപ വാക്സിൻ വികസപ്പിക്കുന്നതിലും വിതരണത്തിലുമടക്കം നിർണായക ചുവടുെവപ്പാകുമെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു.
വവ്വാലുകളാണ് നിപ വൈറസ് വാഹകരെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇതിനു സ്ഥിരീകരണമില്ല. വവ്വാലുകളുമായി സമ്ബർക്കമില്ലാത്തവർക്കും അടുത്തിടെ നിപ സ്ഥിരീകരിച്ചിരുന്നു. കൂടാതെ വവ്വാലുകളുള്ള പ്രദേശെത്ത എല്ലാവർക്കും രോഗം ബാധിച്ചിരുന്നില്ല. ഇതോടെയാണ് മനുഷ്യർക്കും വവ്വാലുകള്‍ക്കുമിടയില്‍ മറ്റു രോഗവാഹകരായ മൃഗങ്ങളുണ്ടെന്ന സംശയമുയരുന്നത്. അവയെ കണ്ടെത്താൻ സ്യൂഡോവൈറസ് പരിശോധനാസംവിധാനം ഉപകരിക്കും. അതുപോലെ നിപ സമ്ബർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവർക്ക് രോഗം വന്നുപോയിട്ടുണ്ടോയെന്നു കണ്ടെത്താനും പുതിയ പരിശോധനയിലൂടെ കഴിയും. സ്യൂഡോവൈറിയോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ടെസ്റ്റ്, നിലവില്‍ പ്രവർത്തനക്ഷമമായ ബിഎസ്‌എല്‍ 2 ലാബില്‍ത്തന്നെ നിർവഹിക്കാമെന്ന പ്രത്യേകതയുമുണ്ട്.
മനുഷ്യനിലുണ്ടാകുന്ന നിപ ബാധ തുടക്കത്തില്‍ത്തന്നെ കണ്ടെത്താനും ആദ്യഘട്ടത്തില്‍ ചികിത്സയുറപ്പാക്കാനും ആർടിപിസിആർ, ട്രൂനാറ്റ് പരിശോധനകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയിലൂടെ തുടക്കത്തില്‍ത്തന്നെ വൈറസിനെ തിരിച്ചറിഞ്ഞ് രോഗം നിർണയിക്കാനും കഴിയുന്നുണ്ട്. എന്നാല്‍, സ്യൂഡോവൈറസ് പരിശോധനയില്‍ വൈറസിനെതിരേ ശരീരം പ്രതിപ്രവർത്തിക്കുമ്ബോഴുണ്ടാകുന്ന ആന്റിബോഡികളെയാണ് ടെസ്റ്റ് ചെയ്യുന്നത്.