Fincat

ആഭ്യന്തരവകുപ്പ് പരാജയം, പോലീസ് ചീത്തപ്പേരുണ്ടാക്കുന്നെന്ന് CPI; മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശനം


തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തില്‍ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്.ബുധനാഴ്ച ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇങ്ങനെയുള്ളത്. പോലീസിന്റെ നടപടികള്‍ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയ ഘട്ടത്തില്‍ ആഭ്യന്തരവകുപ്പിനുനേരേയുള്ള വിമർശനങ്ങളുണ്ടായിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുകയും യാഥാർഥ്യം മനസ്സിലാക്കുകയും ചെയ്യുന്നതാകണം റിപ്പോർട്ടെന്ന് കരട് ചർച്ചചെയ്ത യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രിക്ക് അത് കൈകാര്യംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, റിപ്പോർട്ട് അത്രയും കടുപ്പിക്കേണ്ടെന്ന നിലപാടാണ് ബിനോയ് വിശ്വം എടുത്തത്. തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ഓർക്കണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓരോ വകുപ്പിനെയുംകുറിച്ചുള്ള വിമർശനങ്ങള്‍ ചർച്ചയില്‍ ഉന്നയിക്കട്ടെയെന്നായിരുന്നു ബിനോയ്യുടെ വിശദീകരണം. എങ്കിലും, നേതാക്കള്‍ ചൂണ്ടിക്കാട്ടിയ കാര്യം ഉള്‍പ്പെടുത്തിയാണ് ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന, പൊതിഞ്ഞുപിടിച്ചുള്ള വിമർശനം റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയത്.

സർക്കാരിന്റെ പ്രവർത്തനങ്ങളെ പൊതുവേ നല്ലരീതിയിലാണ് റിപ്പോർട്ടില്‍ വിലയിരുത്തുന്നത്. സിപിഐയുടെ നാല് മന്ത്രിമാർക്ക് റിപ്പോർട്ടില്‍ വലിയ പ്രശംസയാണുള്ളത്.