ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂര്‍ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തെന്നും കുറ്റപ്പെടുത്തി. വന്യമൃശല്യം തടയാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്യാടൻ മുഹമ്മദ്. നിലമ്പൂര്‍ അങ്ങാടിയില്‍ പോലും കാട്ടാന ഇറങ്ങിയ ഭീതിതമായ അവസ്ഥയാണുള്ളത്.

കാട്ടാന കോണ്‍ഗ്രസുകാരെ മാത്രമല്ല ഇടതുപക്ഷക്കാരെയും ആക്രമിക്കുമെന്നും ആര്യാടന്‍ പറഞ്ഞു. കരിമ്പുഴ വന്യജീവി, സംരക്ഷണ കേന്ദ്രമാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാറിനാണെന്നും ആര്യാടൻ വ്യക്തമാക്കി. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി വി എ കരീം, സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, പത്മിനി ഗോപിനാഥ്, പാലോളി മെഹബൂബ്, അഡ്വ.ഷെറി ജോര്‍ജ്, എം കെ ബാലകൃഷ്ണന്‍, മൂര്‍ഖന്‍ മാനു, ഗീരിഷ് മോളൂര്‍ മഠത്തില്‍ ,എം.കെ ഹാരിസ് ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ് ഒ മാര്‍ട്ടിന്‍ ലോവലിന് നിവേദനവും നല്‍കി. വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കി.