നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം; പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്.

മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7 ആര്‍.ആര്‍.ടി അംഗങ്ങള്‍, വനംവകുപ്പ് ജീവനക്കാര്‍, സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങള്‍, എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 41 അംഗ സംഘം.

 

വനമേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സംഘം നീരിക്ഷണം ആരംഭിച്ചു. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെ കാട്ടാനകളെ കണ്ടെത്തും.പിന്നീട് തുരുത്തി ഉള്‍കാടുകളിലേക്ക് തന്നെ അയക്കും.

തോക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തിരിച്ചില്‍ സംഘം കരുതിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ നിലമ്പൂര്‍ ടൗണിലേക്ക് വരെ കാട്ടാനകള്‍ എത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി. കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.