വിനോദ സഞ്ചാരികള്‍ക്കായി വാറ്റ് റീഫണ്ട് പദ്ധതി; പ്രഖ്യാപനവുമായി ഒമാൻ

ഒമാനിലെ വിനോദ സഞ്ചാരികള്‍ക്കായി വാറ്റ് റീഫണ്ട് പദ്ധതി പ്രഖ്യാപിച്ച് നികുതി അതോറിറ്റി. ഒമാനിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ചെലവ് കുറക്കാന്‍ പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് നികുതി അതോറിറ്റിയുടെ വിലയിരുത്തല്‍.
ഒമാനില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഷോപ്പിംഗിന് ഈടാക്കുന്ന വാറ്റ് തുക തിരികെ നല്‍കുന്ന സേവനം അധികം വൈകാതെ രാജ്യത്ത് നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് നികുതി അതോറിറ്റി. ഒമാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നികുതി അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനായി വിവിധ സേവന ധാതാക്കളുമായി കരാര്‍ ഒപ്പുവച്ചതായും നികുതി അതോറിറ്റി അറിയിച്ചു.

പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാറ്റ് റീഫണ്ട് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ, യോഗ്യരായ വിനോദസഞ്ചാരികള്‍ക്ക് ഒമാനില്‍ വാങ്ങുന്ന ചില സാധനങ്ങള്‍ക്ക് അടച്ച നികുതി രാജ്യത്ത് നിന്ന് മടങ്ങുമ്പോള്‍ തിരികെ ലഭിക്കും. നിലവില്‍ അഞ്ച് ശതമാനമാണ് ഒമാനില്‍ വാറ്റ് നിരക്ക്. ഈ തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് ചിലവ് ലാഭിക്കാനാകും.
രാജ്യത്തെ റീട്ടെയില്‍ മേഖലയിലും ടൂറിസം വ്യവസായ രംഗത്തും കൂടുതല്‍ വളര്‍ച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നു. വാറ്റ് റീഫണ്ട് പദ്ധതി നിലവില്‍ വരുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഒമാനെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ഒമാന്‍ ഭരണകൂടം നടത്തിവരുന്നത്.

