റംസാൻ മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി കുവൈത്ത്

റംസാൻ മാസത്തില്‍ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി കുവൈത്ത്. സിവില്‍ സർവീസ് കമ്മീഷൻ അംഗീകരിച്ച പുതിയ ചട്ടക്കൂട് അനുസരിച്ച്, കുറഞ്ഞ പ്രവൃത്തിസമയവും ജോലി ആരംഭിക്കുന്ന സമയത്തില്‍ ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.വ്രതാനുഷ്ഠാന മാസത്തില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനൊപ്പം പൊതുസേവനങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
റംസാൻ മാസത്തില്‍ എല്ലാ സർക്കാർ ജീവനക്കാർക്കും പ്രതിദിനം 4.5 മണിക്കൂർ (നാലര മണിക്കൂർ) പ്രവൃത്തിസമയമായിരിക്കുമെന്ന് കമ്മീഷൻ സ്ഥിരീകരിച്ചു. ഇത് എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമായിരിക്കും.

പുതിയ ക്രമീകരണമനുസരിച്ച്, ജീവനക്കാർക്ക് രാവിലെ 8:30-നും 10:30-നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലി ആരംഭിക്കാവുന്നതാണ്. വിശുദ്ധ മാസത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുക്കുന്നതിനും അതോടൊപ്പം തന്നെ പ്രവർത്തനക്ഷമതയും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് ഈ ഇളവുകള്‍ നല്‍കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഈ തീരുമാനത്തില്‍ ആവശ്യമായ എല്ലാ സമയക്രമങ്ങളും ചട്ടങ്ങളും പ്രവർത്തന വ്യവസ്ഥകളും ഉള്‍പ്പെടുന്നുണ്ടെന്നും എല്ലാ സർക്കാർ വകുപ്പുകളും ഇവ ഒരേപോലെ നടപ്പിലാക്കണമെന്നും കമ്മീഷൻ പ്രസ്താവനയില്‍. റംസാന്റെ ആത്മീയ പ്രാധാന്യത്തെ മാനിച്ചുകൊണ്ട് തന്നെ ഔദ്യോഗിക പ്രവർത്തനങ്ങള്‍ തടസ്സപ്പെടാത്ത രീതിയില്‍ സന്തുലിതമായ തൊഴില്‍ സാഹചര്യം നിലനിർത്താൻ ഈ മാർഗനിർദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

കൂടാതെ, എല്ലാ വർഷവും റംസാൻ മാസത്തില്‍ ഈ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സിവില്‍ സർവീസ് കമ്മീഷൻ അറിയിച്ചു. കുവൈത്തിലെ സർക്കാർ ജീവനക്കാർക്കായി മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതും അനുയോജ്യമായ ഒരു തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിലൂടെ കമ്മീഷൻ വ്യക്തമാക്കുന്നത്.
