കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ‘കെ-ഇനം’ (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ നിര്‍വഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത മുപ്പതോളം ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ബനാന ഫ്ലോര്‍, ബനാന ഹെല്‍ത്ത് മിക്സ് എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആകര്‍ഷകമായ പാക്കിങോടെയാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.

കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ (ഫാം ലൈവ്ലിഹുഡ്) ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ റാണി ജോര്‍ജ്, നബാര്‍ഡ് ജില്ലാ മാനേജര്‍ മുഹമ്മദ് റിയാസ് എന്നിവര്‍ മുഖ്യാതിഥികളായി. കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ പി.ഡി. ജയറാം, ഒഴൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. ഗീത എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍) പി.എം. മന്‍ഷൂബ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര്. രഗിഷ് നന്ദിയും പറഞ്ഞു. കുടുംബശ്രീ കാര്‍ഷിക മേഖലയിലെ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
