കേരള പ്രീമിയര്‍ ലീഗ്; ചരിത്രം കുറിക്കാൻ കാലിക്കറ്റ് എഫ് സി

ചരിത്രം എഴുതാൻ സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ് സി. കേരള പ്രീമിയർ ലീഗില്‍ സ്ഥാനമുറപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയിലെ ആദ്യ ടീമെന്ന നേട്ടമാണ് കാലിക്കറ്റ് എഫ് സി സ്വന്തമാക്കുന്നത്.സീസണല്‍ ഫുട്ബോളിനും ഉപരിയായി വർഷം മുഴുവൻ നീണ്ടു നില്‍ക്കുന്ന പ്രൊഫഷണല്‍ ഫുട്ബോള്‍ എന്ന നിലയിലേക്കുള്ള ചുവടുവെപ്പാണ് ടീമിന്റെ പ്രധാന ലക്ഷ്യം.
‘ടീമിലെ യുവതാരനിരയ്ക്ക് ഇതിലൂടെ പ്രൊഫഷണല്‍ ഫുട്ബോള്‍ മനസിലാക്കാനും കളിക്കാനും സാധിക്കും’ ക്ലബ് ഉടമയും ഐബിഎസ് സോഫ്റ്റ് വെയേഴ്സിന്റെ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. യുവതലമുറയെ കണ്ടെത്താനും അവരെ മികച്ച രീതിയില്‍ തന്നെ വാർത്തെടുക്കാനും കെപിഎല്‍ ഉചിതമായ ഇടമാണെന്നും വരും വർഷങ്ങളില്‍ ഇത് മാറ്റ് ക്ലബ്ബുകളെ കെപിഎല്ലിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നീക്കങ്ങളിലൂടെ കേരളത്തിലെ ലീഗ് ഫുട്ബോളിന്റെ ഗുണനിലവാരം ഏറെ മെച്ചടുമെന്നാണ് പ്രതീക്ഷയെന്നും വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി.

ടീമിന്റെ മുഖ്യ പരിശീലകനായ ബിബി തോമസ്, സഹപരിശീലകൻ പി എ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാകും തയ്യാറെടുപ്പുകളും മറ്റും നടക്കുക. ഗോകുലം കേരള എഫ് സി, കേരള പൊലീസ്, കെഎസ്‌ഇബി തുടങ്ങി പതിനാല് പ്രമുഖ ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന കേരള പ്രീമിയർ ലീഗിന് മാർച്ച് ആദ്യ ആഴ്ച്ചയിലാണ് കിക്കോഫ്. മലപ്പുറം ജില്ലയിലെ കോട്ടപ്പടി സ്റ്റേഡിയമാണ് വടക്കൻ മേഖലയിലെ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നത്.
