നിയമസഭാ തെരഞ്ഞെടുപ്പ്: ബൂത്ത്തല ബോധവല്‍ക്കരണ ഗ്രൂപ്പുകള്‍ രൂപീകരിക്കും

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ധാര്‍മിക വോട്ടിങ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ മുൻകയ്യെടുത്ത് ബൂത്ത് തല ബോധവത്ക്കരണ ഗ്രൂപ്പുകൾ (ബി.എ.ജി) രൂപീകരിക്കുന്നു.

ഓരോ ബൂത്തിലെയും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ), ബൂത്ത് ലെവല്‍ ഏജന്റ് (ബി.എല്‍.എ), തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സ്കൂള്‍/കോളേജ് പ്രതിനിധികള്‍ (ഇ.എല്‍.സി കോഡിനേറ്റര്‍), നാഷണല്‍ സര്‍വീസ് സ്കീം/ നെഹ്റു യുവ കേന്ദ്ര വോളണ്ടിയര്‍മാര്‍, പ്രാദേശിക സിവില്‍ സൊസൈറ്റി സംഘടനകൾ/എൻ.ജി.ഒ അംഗങ്ങൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബൂത്ത് ലെവല്‍ ബോധവത്ക്കരണ ഗ്രൂപ്പുകൾ രൂപീകരിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയൽ ഇത് സംബന്ധിച്ച് എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസർമാർക്കും അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസർമാർക്കും നിർദേശം നൽകി. സമിതികളിൽ ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ ഒഴികെയുള്ള അംഗങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെടുന്ന ആളല്ലെന്ന് ഉറപ്പാക്കണം.

വോട്ടര്‍മാര്‍ക്കിടയില്‍ ധാര്‍മ്മിക വോട്ടിങിന്റെ സന്ദേശം പ്രചരിപ്പിപ്പിക്കുകയാണ് ബി.എ.ജികളുടെ ചുമതല.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കല്‍, പണമായോ വസ്തുക്കളായോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യല്‍, നിയമവിരുദ്ധ ആയുധങ്ങള്‍, വെടിമരുന്ന്, മദ്യം എന്നിവ കൈവശം വെക്കൽ തുടങ്ങിയവ സംബന്ധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈക്കൂലി വാങ്ങുന്നതിന്റെ ശിക്ഷാനടപടികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്കാൻ മുൻകയ്യെടുക്കണം.
തെരഞ്ഞെടുപ്പ് കാലയളവില്‍ കൈക്കൂലിയുടെ ദൂഷ്യഫലങ്ങള്‍ക്കെതിരെ അതത് പ്രദേശങ്ങളില്‍ കോര്‍ണര്‍ മീറ്റിങുകള്‍/റാലികള്‍/ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കണം. മുതിര്‍ന്ന പൗരന്മാര്, വിരമിച്ച ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ്/എന്‍.സി.സി കേഡറ്റുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ധാര്‍മിക വോട്ടിങിന്റെ സന്ദേശം പ്രചരിപ്പിക്കും. കൈക്കൂലിക്കെതിരെ പരസ്യങ്ങള്‍/പോസ്റ്ററുകള്‍/ബാനറുകള്‍ എന്നിവ തയ്യാറാക്കി പ്രചരിപ്പിക്കും.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍/തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ദുരുപയോഗങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വീഡിയോകള്‍, ഓഡിയോകള്‍, ഫോട്ടോകൾ എന്നിവ ശേഖരിച്ച് ഡി.ഇ.ഒ വെബ്സൈറ്റ്/സി.ഇ.ഒ വെബ്സൈറ്റ്, കണ്ട്രോള് റൂം എന്നിവയിലേക്ക് ബി.എ.ജികളുടെ നേതൃത്വത്തിൽ അപ്ലോഡ് ചെയ്യും.
