സ്റ്ററ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്ക് ശനി, ഞായർ ( മാർച്ച് 28, 29) ദിവസങ്ങളിൽ പരിശീലനം നൽകും

കേരളത്തിൽ നിന്ന് ഹജ്ജ് വേളയിൽ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകൾക്കും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്കുമായി മാർച്ച് 28,29 (ശനി, ഞായർ) ദിവസങ്ങളിൽ വിപുലമായ പരിശീലനം കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.

2026 ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 88 സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരാണ് ഹാജിമാരെ അനുഗമിച്ച് സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 67 പുരുഷന്മാരും, 21 സ്ത്രീകളുമാണ് ഇതിലുള്ളത്. 150 പേർക്ക് ഒരാൾ എന്ന തോതിലാണ് ഡ്യൂട്ടി.
സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്കായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി പ്രമുഖർ ക്ലാസ് നയിക്കും. ഇന്ററാക്ഷൻ, ലോജിസ്റ്റിക്സ്, ഫിസിക്കൽ ആക്ടിവിറ്റികൾ എന്നിവയുമുണ്ടാകും.

കേരളത്തിൽ നിന്നും ഇതുവരെ 13,177 പേർ ഹജ്ജ് കർമത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊച്ചി 7935, കണ്ണൂർ 4286 കോഴിക്കോട് 928. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 28 ഹാജിമാർ കേരളത്തിന് പുറത്തുള്ള എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്രയാകുന്നത്. ലക്ഷദ്വീപിലെ 109 പേരുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ ഹാജിമാർ കേരളത്തിലെ എംബാർക്കേഷൻ പോയിന്റ് തെരഞ്ഞെടുത്തിട്ടുണ്ട്.
കൊച്ചിയിൽ നിന്നും ഫ്ളൈ നാസ് 2026 ഏപ്രിൽ 30 മുതലാണ് ഹജ്ജ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂരിൽ നിന്നും മെയ് അഞ്ചു മുതൽ 14 വരെ ഫ്ളൈ അദീൽ 13 സർവ്വീസുകളും കോഴിക്കോട് നിന്ന് മെയ് 15 മുതൽ മെയ് 18 വരെ ആകാശ എയർ ഏഴ് സർവ്വീസുകളുമാണ് നടത്തുന്നത്.
