ദുബായിലും ഷാര്‍ജയിലും കുവൈറ്റിന്റെ വമ്പൻ എണ്ണക്കപ്പലിന് നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണം

ദുബായിലും ഷാർജയിലും ആക്രമണം കടുപ്പിച്ച് ഇറാൻ. ദുബായ് അല്‍ബദയില്‍ ഡ്രോണ്‍ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

ഒരു ഇറാനിയൻ ഡ്രോണ്‍ തടഞ്ഞതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് സംഭവസ്ഥലത്ത് വീണതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ നാലുപേരും ആ സമയത്ത് വീടിന് സമീപത്തുണ്ടായിരുന്നവരാണ്.
“അല്‍ ബദയിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ദുബായ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു. വ്യോമപ്രതിരോധ ഇടപെടലിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ഇതിന് കാരണം. സമീപത്തുണ്ടായിരുന്ന നാല് പേർക്ക് നിസാര പരിക്കേറ്റു,” ദുബായ് മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

നേരത്തെ തിങ്കളാഴ്ച ഷാർജയിലെ തുറായ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയും ഡ്രോണ്‍ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഇറാനില്‍ നിന്ന് വിക്ഷേപിച്ചതാണെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ താമസക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇൻകമിംഗ് മിസൈലുകളും ഡ്രോണുകളും തങ്ങളുടെ സംവിധാനങ്ങള്‍ തടഞ്ഞതായും, ആകാശത്തുണ്ടായ സ്ഫോടനങ്ങളുടെ ശബ്ദമാണ് പലയിടങ്ങളിലും കേട്ടതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ദുബായ് തീരത്തെ എണ്ണ ടാങ്കറുകള്‍ക്കു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആർക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
കുവൈറ്റിന്റെ പടുകൂറ്റൻ എണ്ണ കപ്പലായ അല്‍ സലമിക്ക് നേരെയും ആക്രമണം ഉണ്ടായി. 332 മീറ്റർ നീളവും 60 മീറ്റർ വീതിയും ഉള്ളതാണ് അല്‍സലമി എണ്ണ കപ്പല്‍. 3,19,660 ടണ്‍ ഇന്ധനശേഷി കപ്പലിനുണ്ട്.
ഫെബ്രുവരി 28-ന് അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷം ആരംഭിച്ചത് മുതല്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ക്കു നേരെ ഇറാൻ ആക്രമണം നടത്തിവരികയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനും സർക്കാർ-സൈനിക മേഖലകളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയതിനും പിന്നാലെയാണ് ഈ യുദ്ധം ആരംഭിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 2,000-ത്തിലധികം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാലകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ലക്ഷ്യമിടുന്നുണ്ട്.
